"വരുവാനില്ലാരുമീ വിജനമാമെൻവഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."



2015, മാർച്ച് 12, വ്യാഴാഴ്‌ച

3. അലിം മൂത്താപ്പ

          ഒരു പക്ഷേ  അലിം മൂത്താപ്പയായിരിക്കണം ഞാൻ കണ്ട ആദ്യത്തെ ഗള്‍ഫുകാരന്‍, ഇനിഅല്ലെങ്കിൽതന്നെഅദ്ദേഹമാണ്ഞാൻ ആദ്യമായി അടുത്ത റിഞ്ഞ പ്രവാസി. അദേഹത്തെ ക്കുറിച്ച് എഴുതാതെ എന്റെ പ്രവാസ കഥ ഒരിക്കലും പൂർണമാവില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്‌. അദേഹത്തിന് പരലോകത്ത് അല്ലാഹു എല്ലാ സുഖങ്ങളും നല്കി അനുഗ്രഹിക്കട്ടെ, ആമീൻ...

          എനിക്കോര്‍മ വച്ച കാലം മുതലേ ഞാന്‍  അലിം മൂത്താപ്പ യെ ക്കുറിച്ച് കേട്ടിരുന്നു, അദേഹം എന്റെ ഉമ്മയുടെ ജേഷ്ഠത്തിയുടെ ഭര്‍ത്താവാണു. മൂത്തു മ്മയെ എന്റെ ഉമ്മ "ഇച്ചാച്ച" എന്നായിരുന്നു വിളിക്കാറ്, അതു കേട്ടു കേട്ടു ഞാനും അവരെ  ഇച്ചാച്ച എന്ന് തന്നെ വിളിക്കാൻ തുടങ്ങി, എന്തു കൊണ്ടാണ് അന്ന് ആരും എന്നെ തിരുത്താ തിരുന്നത് എന്ന് എനിക്കിന്നും അറിയില്ല... വിവാഹത്തിന് ശേഷം ഇച്ചാച്ചയെ തനിച്ചാക്കി ദീര്‍ഘ കാലം മൂത്താപ്പ സൗദിയിലെ ദമാമിൽ ആയിരുന്നു, ആയിടക്കു, എനിക്ക് 8 മാസം പ്രായമുള്ളപ്പോള്‍ എന്റെ ഉമ്മ എന്റെ അനിയനെ ഗര്‍ഭം ധരിച്ചു, അങ്ങനെ ഞാന്‍ ഇച്ചാച്ചയുടെ സംരക്ഷണത്തില്‍  ആയി. ഇച്ചാച്ച ശരിക്കും എനിക്കെന്റെ ഉമ്മയെ പ്പോലെ തന്നെ ആയിരുന്നു...
    ഇച്ചാച്ചയുടെ അലമാരിയില്‍
    തുറക്കുമ്പോള്‍ സംഗീതം
    പൊഴിക്കുന്ന കുറെ തടിയന്‍
    ആല്‍ബങ്ങള്‍ ഉണ്ടായിരുന്നു.
    അവ നിറയെ മൂത്താപ്പ യുടെ
    ഫോട്ടോ കള്‍ ആയിരുന്നു.
    ഇച്ചാച്ച എനിക്കതൊക്കെ 
    കാണിച്ചു തരുമായിരുന്നു. 
    എല്ലാ കൊച്ചു കുട്ടികളെയും 
     പോലെ ഞാനും, "ഇതാരാ" 
     "ഇതെന്താ" എന്നൊക്കെ 
    ചോദിച്ചു ഇച്ചാച്ചയെ 
    കുഴക്കി യിരിക്കണം.

          എനിക്ക് അന്നുണ്ടായിരുന്ന നിറയെ ചിത്ര ത്തുന്നലുകള്‍ ഉള്ള ഉടുപ്പുകളും എന്റെ ഉമ്മയുടെ ഭംഗിയുള്ള പൌഡര്‍ ഡപ്പിയും ഉപ്പയുടെ മേശയില്‍ ഉള്ള വിലകൂടിയ 'പാര്‍ക്കര്‍' പേനയും എല്ലാം ഈ അലിം മൂത്താപ്പ നാട്ടില്‍ വന്നപ്പോള്‍ കൊണ്ട് വന്നു തന്നതായിരുന്നു. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ അഭിമാനത്തോടെ പറയുമായിരുന്നു, "അതു ഞാളെ അലിം മൂത്താപ്പ ഗള്‍ഫ്‌ ന്നു കൊണ്ടോന്നതാ".

          ഗൾഫിനെ ഒരു സ്വപ്ന ലോകമായി  മാത്രം കഴിയുന്ന ഒരു പാവം കുട്ടിയായിരുന്നു അന്ന് ഞാൻ. ഒരുപാടു സമ്മാനങ്ങളുമായുള്ള അലിം മൂത്താപ്പയുടെ വരവിനായി ഞാനും ഇച്ചാച്ചയുടെ കൂടെ കാതിരുന്നെങ്കിലും അവരുടെ വേദന കാണാൻ അന്നെനിക്ക് കഴിഞ്ഞിരുന്നില്ല, ഇന്ന് വർഷങ്ങൾ ഇപ്പുറം ആ വേദന എന്താണെന്നു എനിക്ക് വളരെ നനായി അറിയാൻ കഴിയുന്നു. ആറു  മാസം തികയുമ്പോൾ എന്തെങ്കിലും കാരണം ഉണ്ടാക്കി നാട്ടിൽ പോയിക്കളയുന്ന ഞാൻ അതോർക്കുമ്പോൾ ശരിക്കും കരഞ്ഞു പോവാറുണ്ട്.
  
          തിരിച്ചു വരാൻ വേണ്ടി തന്റെ സ്വന്തക്കാരെയുംനല്ലപാതിയെയുംവിട്ടു 
പുറപ്പെട്ടു പോവുന്നവന്റെ വേദന, വീട്ടിൽ അവരെയും കാത്തിരിക്കുന്ന
വരുടെ വേദന... അങ്ങനെയങ്ങനെ അന്നറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ ജീവിതം പതിയെപ്പതിയെ എന്നെയും പഠിപ്പിക്കുകയായിരുന്നു. ഞെക്കുമ്പോൾ ലൈറ്റ് കത്തുന്ന ടൈംപീസുകളും റിസ്റ്റ് വച്ചുകളും സ്വപ്നം കണ്ടു നടന്നിരുന്ന ഞാൻ ഒരുപാട് മാറി, ശരിക്കും ഞാനൊരു പ്രവാസി യായി മാറുകയായിരിക്കാം...