"വരുവാനില്ലാരുമീ വിജനമാമെൻവഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."



2016, ഫെബ്രുവരി 21, ഞായറാഴ്‌ച

4. സീറപ്പം

          പത്താം ക്ലാസ്സ്‌ കഴിഞ്ഞു പ്ലസ്‌ടുവിനു ചേർന്ന സമയം അന്നൊക്കെ എനിക്ക് എല്ലാറ്റിനെയും പേടിയായിരുന്നു, ശരിക്കും ഞാനൊരു പേടി ത്തൊണ്ടൻ ആയിരുന്നു, ഒരു നാണം കുണുങ്ങി. ആ പേടിത്തൊണ്ടന്റെ ജീൻ ഇന്നും എന്റെ ഉള്ളിലുണ്ട്. എനിക്ക് അപരിചിതമായ എല്ലാറ്റിനെയും പേടിയോടെ മാത്രമേ എനിക്ക് കാണാൻ കഴിയാറുള്ളൂ. എന്റെ ഉപ്പാക്ക് എന്റെ കഴിവും കഴിവുകേടും ഒക്കെ നന്നായി അറിയാവുന്നതു കൊണ്ടും എന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉള്ളതു കൊണ്ടും പത്താം ക്ലാസിനു ശേഷം എളുപ്പത്തിൽ ജോലി ലഭിക്കാൻ സാധ്യതയുള്ള വൊകേഷനൽ ഹയർസെക്കണ്ടറി ആണ് എനിക്കായ് തിരഞ്ഞെടുത്തു തന്നത്. വീണിടം വിഷ്ണു ലോകം എന്നാ ആശയക്കാരനായതിനാൽ ഞാൻ എല്ലാരോടും പറഞ്ഞു നടന്നു "ഈ പ്ലസ്‌ടുവിലൊന്നും വല്യ കാര്യമില്ല മോനെ ഇനിള്ളകാലം വിഎച്എസ്ഇ പടിച്ചാലാ വേം പണി കിട്ടുക".


         എല്ലാ ബാപമാരെയും പോലെ എന്റെ ബാപ്പയും തന്റെ പുന്നാര മോൻ പഠിച്ചു വളര്ന്നു ഒരു സ്ഥാനതെത്തി ക്കാണാൻ ഒരുപാടു ആഗ്രഹിക്കു ന്നുണ്ടായിരിക്കണം. അയല് പക്കത്തെ നിസാര് ഒരിക്കൽ എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ടായിരുന്നു, ഒരു ദിവസം എന്റെ ഉപ്പ അവന്റെ ബാപ്പ യോട് സ്വകാര്യമായി പറയുന്നത് അവൻ കേട്ടിട്ടുണ്ട് പോലും, "ചിപ്പീനെ പഠിപ്പ് കഴിഞ്ഞപാട് എന്തേലും പണിക്കു പറഞ്ഞയക്കണം ന്നിട്ട് വേം ഒരു പെണ്ണുകെട്ടിക്കണം". അവൻ അതു വന്നു പറഞ്ഞപ്പോൾ എനിക്ക് നാണമായി പിന്നെ ഒരുപാട് സന്തോഷവും, കാരണം ആയിടക്കാണ്‌ എനിക്ക് ഒറ്റയ്ക്ക് കിടന്നുറങ്ങാൻ എന്തോ ഒരു ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയത്. ഒരു കല്യാണം കഴിക്കാനുള്ള പക്വതയൊന്നും ഇല്ലായിരു ന്നെങ്കിലും ഒരു മൊഞ്ചത്തീനെ കിനാവു കാണാൻ മാത്രമൊക്കെ ഞാൻ വളര്ന്നിരുന്നു. പക്ഷെ എന്ത് കാര്യം പെൺ കുട്ടികളെ കാണുമ്പോൾ എന്റെ കാൽ മുട്ടുകൾ താനേ ഇടിക്കാൻ തുടങ്ങും ശരിക്കും ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ഇത്തരം അസ്ക്യതകൾ ഉള്ള ഒരുത്തനെ പ്രേമിക്കാൻ ഏതു പെണ്ണി നാണ് മഹാമനസ്കത ഉണ്ടാവുക.



     ഉപ്പ ഓരോ സ്കൂളിൽ ഒക്കെ പോയിഅഡ്മിഷൻഫോം വാങ്ങി വരും എന്നിട്ട് രാത്രി എന്നെയും വിളി ച്ചിരുത്തി അതൊക്കെ പൂരിപ്പിക്കും, പിറ്റേന്ന് തിരിച്ച യക്കും, അങ്ങനെ ഇരിക്കെ ഒരു ദിവസം ഉപ്പ വടകരയി ലുള്ള ഏതോ സ്കൂളിൽ പോയി, അവിടുന്നു വന്നപ്പോൾ മുതലേ ഉപ്പ അവിടുത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു ണ്ടായിരുന്നു. "സൂറാ ഞ്ഞി അറിയോ,  നല്ലൊരു അന്തരീക്ഷം ആണ് ആട, ചിപ്പിക്ക് പഠിക്കാൻ പറയ സ്ഥലം, സ്കൂളിന്റെ തൊട്ടു ഇപ്പുറത്ത് തന്നെ ഒരു വല്യ കോളം ണ്ട്, പിന്നെ അപ്പുറത്ത് ഒരു പഴയ വല്യ പള്ളി, ഞാനും മഹമൂദ്ക്കയും ആടക്കേറി യാ നിസ്കരിച്ചത്,  ചിപ്പിക്ക് ളുഹർ നിസ്കരികാൻ ആട പ്പോകാലോ, പിന്നെ ഇഷ്ടംപോലെ ചായപീട്യണ്ട്, ചായേം ചോറും ഒക്കെ കിട്ടും, ഒരു പത്തു നാല്പതു മീറ്റർ നടന്നാപ്പിന്ന കടലാ"... ഉപ്പ അങ്ങനെ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.

          അങ്ങനെ  ഉപ്പാന്റെ ആഗ്രഹം പോലെ എനിക്ക് ആ സ്കൂളിൽ തന്നെ വി എച് എസ ഇ അഡ്മിഷൻ കിട്ടി. അങ്ങനെ ഞാനും യുണിഫോം ഒക്കെ ഇട്ടു കോളേജ് നോട്ട് ബുക്കുമൊക്കെയായി ബസിൽ 'എസ്ടി' അടിച്ചു ക്ലാസിനു പോയിത്തുടങ്ങി... അതുവരെ കാണാത്ത, അറിയാത്ത സ്ഥലം, ഒര്പാട് ആളുകൾ, ജീവിത രീതികൾ, ശീലങ്ങൾ, എല്ലാം എനിക്ക് പുതുമയുള്ള തായിരുന്നു. പതിയെപ്പതിയെ ഞാൻ അതുമായി ഇഴുകി ച്ചേരുകയായിരുന്നു. ഒരു പ്രവാസം എന്ന തലത്തിലേക്കൊന്നും ഏത്തു മായിരു ന്നില്ലെങ്കിലും, വളരെ സൂക്ഷ്മമായി നോക്കിയാൽ അതൊരു തുടക്കമായിരുന്നു, എന്റെ ജീവിതത്തിലെ പുറപ്പെട്ടു പോക്കിന്റെ തുടക്കം. പിന്നീട് കോളേജിൽ പഠിക്കാൻ കാസർഗോഡേക്കും ജോലി തേടി ഖത്തറിലേക്കും ഒക്കെയുള്ള പറിച്ചു നടപ്പെടലിന്റെ  തുടക്കം...   

      ക്ലാസിൽ ഭയങ്കര ജഗപൊഗ യായിരുന്നു, എനിക്കാരെയും അറിയില്ലായിരു ന്നല്ലോ, ഇന്റർവ്യൂ വിന്റെ അന്ന് ഞാൻ കണ്ട ഒരുത്തനെ ഞാൻ കണ്ടുപിടിച്ചു, മീശയൊക്കെ പറ്റെ വടിച്ചു കണ്ണട വെച്ച ഒരുത്തന ഞാൻ അവനെ പരിചയപ്പെട്ടു. അതിനുശേഷം അവൻ രണ്ടു പെണ്‍കുട്ടികളോട് പറയുന്നുണ്ടായിരുന്നു, "ഇവനും നമ്മളോടി കൂടിക്കോട്ടെ, പാവം ഓന് ആരേം പരിചയമില്ല" ഏന്നൊക്കെ, അവരെന്നെ നോക്കിച്ചിരിച്ചു ഞാനും, എന്തോ എന്റെ കാൽ മുട്ടുകൾ താനേ ഇടിക്കാൻ തുടങ്ങിയില്ല, ഹ്രദയം ശക്തിയായി മിടിക്കാൻ തുടങ്ങിയില്ല എനിക്കവരോട് എന്തോ മുൻപരിചയം ഉള്ള പോലെ തോന്നി. ഞാൻ രണ്ടാമത്തെ ബഞ്ചിൽ ഒരു സ്ഥാനം പിടിച്ചു. ഞാൻ ക്ലാസ്സ്‌ ഒന്നാകെ ഒന്ന് പാളിനോക്കി. അപ്പോയാണ് ഞാനൊരു നഗ്നസത്യം മനസിലാക്കുന്നത്‌, ക്ലാസ്സിൽ ആകെ നാലോ അഞ്ചൊ ബഞ്ചിലേ ആണ്‍ കുട്ടികൾ ഉള്ളൂ. ബാകിയെല്ലാം പെണ്‍കുട്ടികൾ  ആയിരുന്നു. അതും കൊറേ നല്ല മൊഞ്ചത്തികൾ, ചുരിദാറിന്റെ മോളിൽ ഷാൾ മടക്കി പിൻചെയ്ത് മഫ്ത യൊക്കെ കുത്തിയ മൊഞ്ചത്തികൾ. എന്റെ കാൽ മുട്ടുകൾ താനേ ഇടിക്കാൻ തുടങ്ങിയോ? ഹ്രദയം ശക്തിയായി മിടിക്കാൻ തുടങ്ങിയോ? 'റബ്ബുൽ ആലമീനായ തമ്പുരാനെ, കാക്കണേ.' ഞാൻ പടച്ചോ നോട് കാവൽ തേടി.

          ഞങ്ങൾ ആൺ കുട്ടികൾ ചിലരൊക്കെ പരിചയപ്പെട്ടു, അവരൊക്കെ സ്കൂളിൽ നിന്നു രക്ഷപ്പെട്ടു ഒന്ന് അടിച്ചു പൊളിക്കാനായി വന്നതാണ്. ചിലരൊക്കെ പെണ്‍കുട്ടികളോട് കിന്നാരം ചോദിക്കുന്നൊക്കെ ഉണ്ടായിരുന്നു. മറ്റു ചിലർ ഇന്ന പെണ്കുട്ടിയെ തനിക്കിഷ്ടായെന്നും വേറെ ആരും നോക്കരു തെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. അതൊക്കെ കേട്ടപ്പോ എനിക്കും നല്ല ഉഷാറായി. നമ്മൾ ആരുടേയും മുന്നില് മോശക്കാരാവരുതല്ലോ, ഏനിക്കും വേണം ഒരു പെണ്ണ് ഞാൻ പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് വീണ്ടും പാളി നോക്കി. എന്റെ കള്ള നോട്ടം  കണ്ടിട്ടാവണം ഒരുത്തി എന്നോട് ചിരിച്ചു. ഞാൻ ചൂളിപ്പോയി. അന്ന് പിന്നെ ഞാൻ ആ ഭാഗത്തേക്കു നോകീട്ടേ ഇല്ല, എന്തോ എന്റെ ദൈര്യം ചോര്ന്നു പോയിരുന്നു.

          അങ്ങനെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു. ഞാൻ രാത്രി പിറ്റെന്നെക്കുള്ള കെമിസ്ട്രി നോട്ട് എഴുതുക യായിരുന്നു. വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു, ഉപ്പാനെ ആരേലും വിളിക്കുകയാവും, ഞാൻ എഴുന്നേറ്റില്ല. ഫോണ്‍ അറ്റൻഡ് ചെയ്ത ഉപ്പ എന്നെ വിളിച്ചു, "മോനേ നിനക്കാണ് ഫോണ്‍" ഞാൻ ഞെട്ടിപ്പോയി, എന്നെ ആര് വിളിക്കാനാണ്, പത്താം ക്ലാസ്സിൽ കൂടെപ്പടിച്ച ശരത് അല്ലാതെ അതുവരെ എന്നെ ആരും ഫോണിൽ വിളിച്ചിട്ടേ ഇല്ല, അതും അന്ന് അവനെ പറഞ്ഞേൽപ്പിച്ചിട്ട്.. പിന്നെ ഇതാരാ..? എനിക്ക് ഒന്നും മനസിലായില്ല. ഞാൻ ഫോണ്‍ എടുത്തപാടേ ആരാന്ന് ചോദിച്ചു. മറു തലക്കൽ ഒരു പെണ്‍കുട്ടി. അറിയോ എന്നെ എന്ന് ചോദിച്ചു. ഞാൻ എങ്ങനെ അറിയാനാ.. അവൾ സ്വയം പരിചയപ്പെടുത്തി, ഞാൻ ആയിഷ ഇന്ന് നിന്നെ റാഗ് ചെയ്തില്ലേ സെക്കന്റ്‌ ഇയർലെ. എനിക്ക് ആളെ മനസിലായി അവൾ ആയിരുന്നു എന്നെ ഏറ്റവും അധികം റാഗ് ചെയ്തത്. സെക്കന്റ്‌ഇയർലെ ആണ്‍കുട്ടികൾ പോലും എന്നെ ഇത്രക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ടാവില്ല. സ്കൂൾ ഗ്രൌണ്ടിന്റെ നടുവിൽ വെച്ച് അവർ കുറെ പെൺകുട്ടികൾ എന്റെ ചുറ്റും കൂടി, എന്നിട്ട് ഓരോരോ ചൊദ്യങ്ങൾ ചോദിക്കാൻ തുടങ്ങും, ഞാൻ ഒന്നും പറയുന്നില്ലാന്നു കണ്ടാൽ ചിലർ എന്നെ തോണ്ടാനും ഷർട്ട്‌ പിടിച്ചു വലിക്കാനും തുടങ്ങും എന്റെ കാൽമുട്ടുകൾ താനേ ഇടിക്കാൻ തുടങ്ങും, ഹ്രദയം പടപടാന്നു മിടിക്കാൻ തുടങ്ങും അപ്പൊ ഒരു പെണ്ണ് പുറകില നിന്ന് തോണ്ടിയിട്ട് ചോദിക്കും "ഏയ് രോമാഞ്ചക്കാരാ ഇങ്ങോട്ട് നോക്ക്"  അപ്പൊ വേറൊരുത്തി മുന്നില് നിന്നിട്ട് "ഇങ്ങോട്ട് നോക്കെടാ" എന്നൊക്കെ പറയും, അവര്ക്ക് അതു വെറുമൊരു തമാശ... എന്റെ നാട്ടിൽ എങ്ങാനും ആയിരുന്നു അവൾ എങ്കിൽ സ്കൂൾ വിട്ടു പോരുമ്പോൾ ഒരു കല്ലെടുത്ത്‌ എറിയുകയെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോ ഒന്നും നടക്കില്ല. ഞാൻ ശരിക്കും അപമാനിതനായിരുന്നു.

           ആ ലവളാണ് വിളിക്കുന്നത്‌.. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. പോരാത്ത തിനു ഉപ്പ അടുക്കളയിൽ ചെന്നു ഉമ്മാനോട് എന്തൊക്കെയോ പറയുന്നത് പോലെ എനിക്ക് തോന്നുന്നുണ്ടായിരുന്നു, "ഓൻ  പോയി തുടങ്ങു മ്പളേക്ക് ഓരോരുത്തരൊക്കെ വിളിക്കാൻ തൊടങ്ങി", ഇനി ഫോണ്‍ കട്ട്‌ ചെയ്‌താൽ എന്ത് കള്ളമാണ് ഞാൻ ഉപ്പാനോട് പറയുക.. എനിക്ക് ഒരു എത്തും പിടിയും കിട്ടാതെയായി. അവൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു, പിറ്റേന്ന്ക്ലാസ്സിൽ ചെല്ലുമ്പോൾ ഒരു പ്രേമലേഖനം കൊണ്ട് ചെല്ലണമത്രേ..! അതും ആർക്കാന്നറിയോ, ഈ വിളിക്കുന്ന ആയിഷയുടെ അനിയത്തിക്കുട്ടിക്ക്, ആദ്യത്തെ ദിവസം എന്നോടു ചിരിച്ച എന്റെ ക്ലാസിലെ ആ മൊഞ്ചത്തിക്ക്..!  അവളാണ് 'സീറപ്പം*'. അങ്ങനെയായിരുന്നു അവളെ എല്ലാരും വിളിച്ചിരുന്നത്. 


*സീറപ്പം  - സീ റ് (തേൻ) ഉള്ള അപ്പം / തേൻ മുട്ടായി